Exodus 5

1അതിന്റെശേഷം മോശെയും അഹരോനും ഫറവോനോട്: “മരുഭൂമിയിൽ എനിക്ക് ഉത്സവം നടത്തേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കണം എന്ന് യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു” എന്ന് പറഞ്ഞു. 2അതിന് ഫറവോൻ:“യിസ്രായേലിനെ വിട്ടയയ്ക്കുവാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്ക് കേൾക്കേണ്ടതിന് അവൻ ആർ? ഞാൻ യഹോവയെ അറിയുകയില്ല; ഞാൻ യിസ്രായേലിനെ വിട്ടയയ്ക്കയുമില്ല” എന്ന് പറഞ്ഞു.

3അതിന് അവർ: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; അവൻ മഹാമാരിയാലോ വാളാലോ ഞങ്ങളെ ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ഞങ്ങൾ മൂന്ന് ദിവസത്തെ വഴി മരുഭൂമിയിൽ പോയി, ഞങ്ങളുടെ ദൈവമായ യഹോവയ്ക്ക് യാഗം കഴിക്കട്ടെ” എന്ന് പറഞ്ഞു. 4ഈജിപ്റ്റിലെ രാജാവ് അവരോട്: “മോശേ, അഹരോനേ, നിങ്ങൾ ജനങ്ങളുടെ വേല മിനക്കെടുത്തുന്നത് എന്തിനാണ്? നിങ്ങൾ നിങ്ങളുടെ വേലയ്ക്ക് പോകുവിൻ” എന്ന് പറഞ്ഞു. 5“ദേശത്ത് ജനം ഇപ്പോൾ വളരെ ആകുന്നു; നിങ്ങൾ അവരെ അവരുടെ ഊഴിയവേല മിനക്കെടുത്തുന്നു” എന്നും ഫറവോൻ പറഞ്ഞു.

6അന്ന് ഫറവോൻ ജനത്തിന്റെ ഊഴിയവിചാരകന്മാരോടും പ്രമാണികളോടും ഇപ്രകാരം കല്പിച്ചു: 7“ഇഷ്ടിക ഉണ്ടാക്കുവാൻ ജനത്തിന് മുമ്പിലത്തെപ്പോലെ ഇനി വൈക്കോൽ കൊടുക്കരുത്; അവർ തന്നെ പോയി വൈക്കോൽ ശേഖരിക്കട്ടെ. 8എങ്കിലും ഇഷ്ടികയുടെ കണക്ക് മുമ്പിലത്തെപ്പോലെ തന്നെ ആയിരിക്കണം; ഒട്ടും കുറയ്ക്കരുത്. അവർ മടിയന്മാർ; അതുകൊണ്ടാകുന്നു: ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ’ എന്ന് നിലവിളിക്കുന്നത്. 9അവരുടെ വേല അതിഭാരമായിരിക്കട്ടെ; അവർ അതിൽ കഷ്ടപ്പെടട്ടെ;

10അവർ വ്യാജവാക്കുകൾ കേൾക്കരുത്. അങ്ങനെ ജനത്തിന്റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്ന് ജനത്തോട്: “നിങ്ങൾക്ക് വൈക്കോൽ തരുകയില്ല; 11നിങ്ങൾ തന്നെ പോയി കിട്ടുന്നിടത്തുനിന്ന് വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറയ്ക്കകയില്ല” എന്ന് ഫറവോൻ കല്പിക്കുന്നു എന്ന് പറഞ്ഞു.

12അങ്ങനെ ജനം വൈക്കോലിന് പകരം
5:12 താളടി = കൊയ്ത്തിന് ശേഷം വയലിൽ ശേഷിക്കുന്ന കുറ്റി
താളടി ശേഖരിക്കുവാൻ ഈജിപ്റ്റിൽ എല്ലായിടവും ചിതറി നടന്നു.
13ഊഴിയവിചാരകന്മാർ അവരെ നിർബ്ബന്ധിച്ച്:“വൈക്കോൽ നൽകിയപ്പോൾ ചെയ്തിരുന്നത്രയും വേല ദിവസവും തികയ്ക്കണം” എന്ന് പറഞ്ഞു. 14ഫറവോന്റെ ഊഴിയവിചാരകന്മാർ യിസ്രായേൽ മക്കളുടെ മേൽ ആക്കിയിരുന്ന പ്രമാണികളെ അടിച്ചു: “നിങ്ങൾ ഇന്നലെയും ഇന്നും മുമ്പിലത്തെപ്പോലെ ഇഷ്ടിക നിർമ്മിക്കാഞ്ഞത് എന്ത് ?” എന്ന് ചോദിച്ചു.

15അതുകൊണ്ട് യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്ന് ഫറവോനോട് നിലവിളിച്ചു ;“അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ത്? 16അടിയങ്ങൾക്ക് വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്ന് അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അത് നിന്റെ ജനത്തിന്റെ കുറ്റമാകുന്നു” എന്ന് പറഞ്ഞു. 17അതിന് അവൻ: “മടിയന്മാരാകുന്നു നിങ്ങൾ, മടിയന്മാർ; അതുകൊണ്ട്:‘ഞങ്ങൾ പോയി യഹോവയ്ക്ക് യാഗം കഴിക്കട്ടെ’ എന്ന് നിങ്ങൾ പറയുന്നു. 18പോയി വേല ചെയ്യുവിൻ; വൈക്കോൽ തരുകയില്ല, ഇഷ്ടിക കണക്കുപോലെ ഏല്പിക്കുകയും വേണം” എന്ന് കല്പിച്ചു.

19“ദിവസംതോറുമുള്ള ഇഷ്ടികക്കണക്കിൽ ഒന്നും കുറയ്ക്കരുത്” എന്ന് കല്പിച്ചപ്പോൾ തങ്ങൾ വിഷമത്തിലായി എന്ന് യിസ്രായേൽമക്കളുടെ പ്രമാണികൾ കണ്ടു. 20അവർ ഫറവോനെ വിട്ട് പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നത് കണ്ടു, 21അവരോട്: “നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നിന്ദിതരാക്കി. ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ട് യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ” എന്ന് പറഞ്ഞു.

22അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്ന്: “കർത്താവേ, നീ ഈ ജനത്തിന് ദോഷം വരുത്തിയത് എന്ത്? നീ എന്നെ അയച്ചത് എന്തിന്? ഞാൻ നിന്റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്റെ അടുക്കൽ ചെന്നത് മുതൽ അവൻ ഈ ജനത്തോട് ദോഷം ചെയ്തിരിക്കുന്നു; നിന്റെ ജനത്തെ നീ വിടുവിച്ചതുമില്ല” എന്ന് പറഞ്ഞു.

23

Copyright information for MalULB